Skip to main content

പ്രേമം- ഒരു നാടിന്റെ തുടർക്കഥകളിൽ

പ്രേമത്തെക്കുറിച്ചു തന്നെയാണ് ഈ കഥയും. എന്റെ നാട്ടിലെ ഒരു പ്രേമ കഥ, ഒരു പക്ഷെ ഞാനറിഞ്ഞ ആദ്യത്തെ പ്രേമകഥ. നടന്നത് ഏതാണ്ട് ഒരു ഏഴെട്ടു ദശകങ്ങൽക്കപ്പുറമാണ്.

പ്രേമത്തിനും വിവാഹത്തിനും ജനനത്തിനുമെല്ലാം, അങ്ങനങ്ങു സ്വതന്ത്രമാകാൻ കഴിയില്ല, പിന്നെ ഞങ്ങളൊക്കെയെന്തിനാ ഇവിടെ കാർന്നോന്മാരും കർന്നോത്തികളൂം ആയിരിക്കുന്നത് എന്നു ശഠിച്ചിരുന്ന ഒരു നാടാണ് ഞങ്ങളുടേത്.   തറവാട്ടിൽ പിറന്ന പെൺപിള്ളാരാരും പ്രേമിക്കാൻ പോകില്ല എന്നതായിരുന്നു അവരുടെയൊക്കെ മുദ്രാവാക്യം.  പിന്നെ വല്ല സ്റ്റാറ്റസ് കുറഞ്ഞ പതിതനോ തല്ലുകൊള്ളികളോ പ്രേമിച്ചേക്കാം, അല്ലെങ്കിൽ അവറ്റകൾകൊക്കെ എന്തോന്നു നാണോം മാനോം.



അന്നും  ആരെം നോക്കാതെ തൊടാത്, വേറെ വേറെ ബഞ്ചുകളിൽ ഇരുന്നു ആണിനേപോലെ പെണ്ണിനും പഠിത്തമാകാമായിരുന്നു. ഗവണ്മെന്റു സ്കൂളിൽ നാലാം ക്ലാസു വരെ.  അവിടുന്നു ഡിഗ്രി കഴിഞ്ഞാൽ അടുത്തകൊല്ലം, കല്യാണം, ഒൻപതാം മാസം പ്രസവം അങ്ങനൊരു വ്യവസ്ഥാപിത നയം, നാട്ടിലെല്ലാവരും യൂ.എൻ, വ്യവസ്ഥകളെക്കാൾ ചിട്ടയോടെ പാലിച്ചിരുന്നു.  ഇന്ത്യയിൽ നിന്നൊരുത്തൻ പോലും അതിന്റെ സെക്രട്ടറി ജനറൽ പോലും ആയിരുന്നില്ലെങ്കിലും.  അതു പോലെ നല്ല ഉച്ചസൂര്യൻ തലക്കു മോളിൽ പൊങ്ങിനിക്കുമ്പോഴെങ്ങാനുമേ സ്ത്രീകൾ ഞങ്ങട നാട്ടിൻ വഴിയെ ഒറ്റക്കോ കൂട്ടമായോ നടക്കാറുള്ളായിരുന്നു. ഒറ്റക്കു നടന്നാൽ പകൽ പോലും റേപ്പ് ഉറപ്പാകുമെന്നു ഭയന്നിട്ടാണൊ എന്തോ അതിനെക്കുറിഞ്ഞുകൂടാ, കാരണം അന്ന് റേപ്പ്  അധികാരമുള്ള ആണൂങ്ങളുടെ അവകാശമായിട്ടു കൊണ്ടാടിയിരുന്നതിനാൽ, പൊതുവാർത്തകളായിരുന്നില്ല. 

അങ്ങനൊക്കെ ആയിരുന്നു കിടപ്പെങ്കിലും പ്രേമസാഹസത്തിനൊരുമ്പെട്ട ചില ഉശിരൻ ജോഡികൾ ഞങ്ങളുടെ നാട്ടിലും ഉണ്ടായി വന്നു. അതിലൊന്നായിരുന്നു സുലൈമാൻ-തങ്കു ജോഡി. ഗ്രാമത്തിലെ തല്ലും അടിയും ചില്ലറ അക്രമപ്രവൃത്തികൾക്കും പേരു കേട്ട അറക്കൽ ശേഖരത്തിലെ ഹസൻ റാവുത്തരുടെ രണ്ടാമത്തെ സന്തതിയായിരുന്നു, സുലൈമാൻ.  ജാതി സ്പർദ്ദയും മാമൂലുകളൂം, ജനിച്ച പടീ പൂമുഖത്തു കുടിയിരുത്തിയിരുന്ന പ്രായിക്കര തറവാട്ടിലെ തങ്കു എന്ന രേവതിപ്പിള്ളയെ സുലൈമാൻ റാവുത്തർ രായ്ക്കു രാമാനം കട്ടോണ്ടു പോയി.

നാട്ടുകാരും വീട്ടുകാരും വാർത്തകേട്ട് ഞെട്ടി, എന്നു പറഞ്ഞാൽ ഇന്നത്തെപോലെ റ്റി. വി.ചാനലുകളിലെ ബ്രേക്കിംഗ് വാർത്തകളോ, പത്രങ്ങളോ ബ്ലോഗോ,ഫോണോ ഒന്നും ഇല്ലാത്ത കാലമാണെന്നോർക്കണം.  വേർഡ് റ്റു മൌത്ത് മാത്രമായിരുന്നു വാർത്താ വിതരണം.  എന്നിട്ടും വൈകിട്ട് ഏതാണ്ട് പത്തുമണിയോടെ നടന്ന സംഭവം അടുത്ത ദിവസം രാവിലെ കൃത്യം പത്തു മണിയോടെ കേരളം മുഴുക്കെ പരന്നു വാർത്തയായി.

നാടു വിട്ട അവരെ തേടി, പ്രായിക്കര തറവാട്ടിലെ മടമ്പികൾ വേട്ടപ്പട്ടികളെ പോലെ നാലുപാടും പാഞ്ഞു.  ശ്രീകോവിലിൽ നായകയറി, പൂജാരിയുടെ മുമ്പിൽ കാഷ്ടിച്ചു വച്ചാൽ, പൂജാരി മലക്കം മറിയുന്നതു പോലെ, രേവതിപ്പിള്ളയുടെ മാതുലൻ ശ്രീകണ്ടക്കുറുപ്പു വാർത്തകേട്ട് നിന്നനിൽ‌പ്പിൽ പുറകോട്ടു മലച്ചു.  ‘അവളെ അന്വേഷിച്ചാരും പോകെണ്ടാ‘ എന്നു പറയാൻ ഉള്ളിൽ മോഹമുണ്ടായിരുന്നെങ്കിലും അതു പറയാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല, കണ്ണു തെള്ളീ, വായ് പിളന്ന് നുരയും പതയും ചാടി ആ മാന്യദേഹത്തിന് ശബ്ദം നഷ്ടമായി.  ആ കീടപ്പിൽ പതിനാറു നീണ്ട വർഷങ്ങൾ അദ്ദേഹം കഴിച്ചുകൂട്ടി.  ആ നാളുകളീൽ ഞങ്ങളുടെ നാട് കണ്ണിരും കൈയ്യുമായി ആ സാമദ്രോഹി സുലൈമാനെ ശപിച്ചു കഴിഞ്ഞുകൂടി. ആ നാളുകളിൽ അദ്ദേഹത്തിന്റെ പേരിൽ നടിന്റെ നാനാ ഭാഗങ്ങളിലെ  ക്ഷേത്രങ്ങളിൽ വഴിപാടിന്നയി ഒഴുക്കിയിരുന്ന എണ്ണയും നെയ്യും മണ്ണിൽ കുഴികുത്തി ഒഴിച്ചിരുന്നെങ്കിൽ ഭാവിയിൽ ആരും എണ്ണക്കായി അറബിനാടുകളിലേക്ക് പൊകേണ്ടി വരില്ലായിരുന്നു എന്ന ചിലനിരീക്ഷണങ്ങൾ ഒക്കെ ചിലർ നടത്തിയിരുന്നു.

എന്നാലും നായ കാഷ്ടിച്ചാൾ അവിടിട്ടേക്കുകയാണോ എന്ന ഫിലൊസഫിക്കൽ സ്കൂളിൽ പഠിക്കാൻ അപേക്ഷകൊടുത്ത ചില പിള്ളമാർ, തങ്കൂനെ അന്വേഷിക്കൽ നിർത്തിയില്ല. കണ്ടു കെട്ടാനൊന്നുമല്ല: കണ്ണിൽ കണ്ടാൽ രാണ്ടിനേം അരിഞ്ഞു പാടത്തെ ചെളീലു പൂത്താൻ.

നാടായ നാടു മുഴുവൻ വെള്ളം കവിഞ്ഞൊഴുകിയ കൊളത്തിന്റെ അടീലും, കടലിലെ തിരയിലും, ആകാശത്തിലെ മേഘങ്ങളുടെ വിള്ളലിലുമൊക്കെ സുലൈമുവിനെ തിരക്കിതിരക്കി അവർ നടന്നു. പക്ഷെ സുലൈമുവിനെയോ തങ്കുവിനെയൊ ആർക്കും കണ്ടു കിട്ടാൻ കഴിഞ്ഞില്ല.  ചത്തു ജീർണിച്ച്  അവരുടെ അസ്ഥികൂടമെങ്കിലും കിട്ടിയിരുന്നെങ്കിൽ അതീന്ദ്രിയ ജ്ഞാനത്തിന്റെ ചില വകുപ്പുകൾ ഉപയോഗിച്ച് അവരുടെ ആത്മാക്കളെ  പരലോകത്തു നിന്നു തിരിച്ചുകൊണ്ടുവന്ന് അവയിൽ സന്നിവേശിപ്പിച്ച് മനുഷ്യരാക്കുന്നതിൽ പേരു കേട്ട ചില ഇല്ലങ്ങളിലെ നംബുതിരികളൂം കോലോ തിരികളൂം പതിവായി പ്രായുക്കര തറവാട്ടിൽ തമ്പടിക്കാറുണ്ടായിരുന്നു; അപ്പോൾ നേരം പോക്കിനായി ചില ചില്ലറ യാഗങ്ങളും ഹോമങ്ങളും ,നടത്താറുമുണ്ടായിരുന്നു. അതു വഴി  തറവാടിന്റെ പേരിൽ പണ്ടാരോ എവിടുന്നോ കണക്കില്ലാതെ എഴുതിച്ചാർത്തു  വച്ചിരുന്ന ഭൂസ്വത്തുക്കൾ ഒട്ടുമുക്കാലും ചുറ്റുപാടുമുള്ള മാർഗം കൂടിയ ജനതകളുടെ പേരുകളിലേക്ക് എഴുതി ചേർക്കപ്പെട്ടു.

അതിനിടയിൽ വറുതി വന്നു കാട്ടുതീവന്നു; വസൂരി പടർന്നു പിടിച്ചു; വസൂരിപിടിച്ചവരെ ഒറ്റക്കെട്ടിപ്പിടിക്കലിനു സുഖപ്പെടുത്തുന്ന ഒരമ്മ അടുത്ത സംസ്ഥാനത്തിനു കിർത്തി വർദ്ദിപ്പിച്ചു.  ഒരു ദിവസം ആ അമ്മയെ കാണാൻ പാർവതീദേവി ഒറ്റക്കുപോയി; പാർവതീ ദേവിയുടെ മുഖം കണ്ട അമ്മയിൽ നിന്ന് അരുളപ്പാടുണ്ടായി; സുലൈ-തങ്കു ജോഡി അപകടത്തിൽ മരണം പറ്റി പരലോകം പൂകിയിട്ട് അന്നേക്ക് പതിന്നലുവർഷവും നാലുമാസവും, എഴുദിവസവും, പതിനാലുനാഴികയുമായിരിക്കുന്നു എന്ന്. തിരിച്ചു വന്ന് പാർവതീദേവി  അന്നേക്ക് പന്തിരണ്ടാം ദിനം തങ്കുവിന്റെ ജഡം സങ്കല്പിച്ച് പിണ്ഡം വച്ചു ശേഷക്രിയകൾ നടത്തി ശുഭം എന്നു പറഞ്ഞു. കറുത്ത കാവാലം കാക്കകൾ പിണ്ഡച്ചോറു കൊത്തി വിഴുങ്ങി പരലോകത്തേക്കു പറന്നു പൊങ്ങിയതു കാഴ്ചക്കാരിൽ രോമാഞ്ചമുണർത്തി.

അതോടെ സുലൈ-തങ്കു ഞങ്ങളുടെ നാടിന്റെ പ്രേമ വേതാളങ്ങളായി.  ആൺകുട്ടികൾ അരകിലോ മീറ്റർ അകലത്തിലെത്തുമ്പോൾ അന്നു മുതൽ പെൺകുട്ടികൾ അവരുടെ മണം പിടിച്ചെടുത്ത് തിരിഞ്ഞോടാൻ തുടങ്ങി.  അങ്ങനെ തിരിച്ചോടുന്ന പെൺകുട്ടി അസമയത്തായാലും അല്ലെങ്കിലും ഏതു വീട്ടിലും കയറിച്ചെന്നാൽ-ജാതി തിരിച്ചറിവനുസരിച്ച്- എല്ലാ വിധ സംരക്ഷണങ്ങളും അവർക്കു കൊടുത്തു കൊള്ളണമെന്നു ഞങ്ങട യൂ. എൻ സഭ കൂടി പാസാക്കി.  അങ്ങനെ എതാണ്ട് നഷ്ടപ്പെട്ട പ്രമാണിത്തമൊക്കെ ഒരു വിധത്തിൽ തിരിച്ചു വെട്ടിപ്പിടിച്ച് സമാധാനത്തോടെ ഞങ്ങട  നാട്ടുകാർ വാഴാൻ തുടങ്ങിയ വേളയിലാണ് ആ ദാരുണ സംഭവം ഉണ്ടായത്, തങ്കുവിന്റെ ശയ്യാവലംബിയായ മാതുലൻ നാടു നീങ്ങി.

അവിടെ നിന്നും ഒരു വിധം കരകയറി വന്ന നാട് വീണ്ടും ഒരു ദിനം ഞെട്ടി സുലൈമാൻ-തങ്കു ജോഡികൾ തിരിച്ചു നാലു കുട്ടികളുമായി തിരിച്ചു വന്നിരിക്കുന്നു എന്ന വാർത്തകേട്ട്.

കറുത്ത് വീട്ടിപോലെയുള്ള സുലൈമാനും പൊന്നുപോലത്ത മേനിയുള്ള തങ്കുവും തമ്മിലുള്ള  രസതന്ത്രം എന്തായിരുന്നു എന്നു നാട്ടുകാർ ചർച്ച ചെയ്യാൻ തുടങ്ങി.

കാരണം സിമ്പിൾ:

 മീനച്ചൂടിന്റെ ആലസ്യത്തിൽ തലകുനിച്ചു നിന്ന ഒരോമമരത്തിൽ പനം കുലപോലെയുള്ള മുടി വീണു മറഞ്ഞ നിതംബം ചാരി നിൽക്കയായിരുന്നു തങ്കു എന്ന തങ്കമ്മ
‘കുടിക്കാൻ ഇത്തിരി എന്തെങ്കിലും..’ എന്ന ചോദ്യം കേട്ടു ഞെട്ടിത്തിരിഞ്ഞ ആകസ്മികത. തുടക്കം അവിടെയായിരുന്നു.

ആദ്യം തങ്കൂനാ ചോദ്യം ഇഷ്ടമായില്ല.  ഹസൻ റാവുത്തരുടെ തെക്കേലെ വസ്തുവിൽ തേങ്ങയിടീക്കാൻ പലരും വന്നു കണ്ടിട്ടുണ്ട്, പക്ഷെ ഈ കറമ്പനെ ഇതു വരെ കണ്ടിട്ടില്ലല്ലോ, ഇവനെന്തിനാ ഇവിടെ വെള്ളത്തിനു വരുന്നേ എന്നൊക്കെ ആദ്യം ലോജിക്കലായി ആലോചിച്ചെങ്കിലും, പെട്ടെന്നാ ചിന്ത തൂത്തുകളഞ്ഞിട്ടു ചോദിച്ചു, ‘മോരു വെള്ളം മതിയോ’

‘ഓ അതൊരധികമാണേ’ എന്നു വിനീതനായി കറമ്പൻ പറയുന്നതിനിടയിൽ, തങ്കു അകത്തേക്ക് ശബ്ദമുണ്ടാക്കാതെ കയറി ഒരു ചൈനിസ് കുടൂവൻ നിറയെ അമ്മ പാർവതീ ദേവി, തയ്യാറാക്കി മൺചട്ടിയിൽ നറു നെയ്യൂടെ മണം പോകാതെ അടച്ചു വച്ചിരുന്ന മോരു വെള്ളം എന്നുപറയുന്ന സംഭാരം പകർന്നിട്ട്, കലത്തിൽ നിന്നും അത്രയും തന്നെ പച്ചവെള്ളം അതിൽ തിരിച്ചു ചേർത്ത് രുചി നേർപ്പിച്ചു.  അപ്പോഴവൾക്കു ഉള്ളീൽ വളരെ ആനന്ദമായി, കാത്തിരുന്ന നിധി കൈയ്യിൽ വന്നു ചേരുന്നു എന്നൊക്കെ പറയുന്ന അനുഭൂതിയോടെ അവൾ പുഞ്ചിരി തൂകി, കറമ്പൻ ചെറുക്കനു കിടിക്കാൻ മോരു വെള്ളം കൊടുത്തു.

അവനതു മുഴുക്കെ ഒറ്റയടിക്കു  അകത്താക്കി. അതിൽ കിടന്ന കരിയാപ്പില പോലും കളയാതെ ചവച്ചു നിന്നതു തങ്കു നോക്കി നിന്നു.

‘എവിടെയാ വീട്? ഒരു ഭംഗിക്കു വേണ്ടി അവൾ ചോദിച്ചു

‘ഞാൻ ഹസൻ റാവുത്തരുടെ മോനാ, സുലൈമാൻ..’
‘ഇതിനു മുൻപു കണ്ടിട്ടില്ലല്ലോ?’

‘ഞാനാദ്യമായിട്ടാ’

‘ഓ...’
‘പേരെന്താ, തങ്കമ്മ’

അതും കേട്ടിട്ടവൻ പോയി. പോയിക്കഴിഞ്ഞപ്പോൾ തങ്കുവിനു സന്തോഷം പലതവണയായി ഇരട്ടിച്ചു. എന്നും സുലൈമാൻ വന്നു മോരും വെള്ളം ചോദിക്കണേ എന്നവൾ നിഷകളങ്കമായി ആഗ്രഹിച്ചു.  

അപ്പോൾ അകത്തു നിന്നു വന്ന  ഒരു ചോദ്യം അവൾ കേട്ടു, ‘ഇതെന്താ പാറൂ, ഈ മോരുംവെള്ളത്തിനൊരു ഗൌവരവം ഇല്ലാത്തെ’
‘ഓ അതു ഗോപാലേട്ടനു തോന്നലാ...’

‘തോന്നലല്ല, ഒള്ളതാ, അവൾ പുറത്തു നിന്നു സന്തോഷം കൊണ്ടു സ്വയം പറഞ്ഞു.

‘ഒരു ദിവസം അവനു ഞാൻ വിഷം കൊടുക്കും കുടിക്കാൻ..’ എന്നതിനോടു കൂട്ടിച്ചേർക്കയും ചെയ്തു.

തന്റെ അച്ഛനോടു ഈ പട്ടാപ്പകൽ കാണീക്കുന്ന നെറികേടിന് അത്രയും ചെയ്യുന്നത് ഒരു മകളെന്ന നിലയിൽ തന്റെ കടമയായി അവൾക്കു തോന്നി.  പട്ടാളത്തിൽ പോയ അഛൻ അവധിക്കു വരുമ്പോൾ പതിവ്രത ചമയുന്ന അമ്മ.  ഫൂ.... അവൾക്കറപ്പായി അമ്മയെ.

പിന്നീടൂ സുലൈമാൻ വരുന്നതും അയാളോടു വർത്തമാനം പറയുന്നതും അവൾക്കിഷ്ടമായി.  എന്നും അയാൾ വന്നിരുന്നെങ്കിൽ, എന്നും അമ്മേട കോവാലേട്ടനു രുചി കുറഞ്ഞ സംഭാരം കൊടുക്കാമായിരുന്നു എന്നവൾ സന്തോഷിച്ചു.

ഒരിക്കൽ കോവാലേട്ടന്റെ കൂടെ ഒരു പിശാചും വന്നു. കൊന്തപ്പല്ലും, ഒട്ടിയ കവിളും നെറ്റിക്കു തെക്കു വടക്കു വെള്ളക്കടലാസു പറ്റിച്ചുവച്ച പോലെ വാരിത്തേച്ച ഭസ്മവും വച്ച് ചത്തുകിടന്നിടത്തൂ നിന്നിപ്പോൾ എഴുനേറ്റു വന്ന രൂപത്തിൽ ഒരു പിശാച്.

തങ്കുവിനോട് അവനു കാപ്പികൊണ്ടൂ ക്കൊടുക്കാൻ പാർവതീ ദേവി ആവശ്യപ്പെട്ടു

‘ഞാനെന്തിനാ ആ പിശാചിനു കപ്പികൊടുക്കുന്നത്, അമ്മയില്ലേ’

‘അഹങ്കാരം പറയാ‍തെ, അവനു ഇരുനൂറുപറ പുഞ്ചേം നാലേക്കറു തെങ്ങുമുണ്ട്. നിനക്കു സൌഭാഗ്യമായി കഴിയാം’

.......
‘നിന്റെ ച്ചൻ ഇനി വരുമ്പോ നിന്റെ കല്യാണം വേണന്നു പറഞ്ഞു’

‘എവനെ കെട്ടണമെന്ന് അഛൻ പറഞ്ഞോ’
‘അച്ചനും ഇഷ്ടാകും...’

‘എന്നാ അമ്മയങ്ങു കെട്ട്..’

മകളുടെ കണ്ണിൽ ജ്വലിച്ചു നിന്ന പകയുടെ തീയിൽ പാർവതിക്കു സ്വയം കത്തുന്നതു പോലെ തോന്നി’
‘അച്ഛൻ വരട്ടെ, ഞാൻ എല്ലാം പറയും...’

‘എന്തു പറയാൻ...’
‘ഒന്നും പറയാനില്ലേ..?

വായിന്റെ കോണിലൂടെ ചോരയൊലിപ്പിച്ച്, കണ്ണുകൾ തുറിച്ച് അടുക്കളത്തളത്തിൽ മരിച്ചു കിടന്ന ചാന്ദിനി ചേച്ചിയെ പാർവതി ഓർത്തു. അപകടമരണങ്ങൾ അങ്ങനെ പലതും  നടന്നിട്ടുണ്ട് തറവാട്ടിൽ. കാർന്നോത്തികളുടെ അഫയർസിനെ ഒറ്റു കൊടുക്കുന്നവരുടെ വിധിയാണത്;

കാലങ്ങൾ കഴിയവെ വല്ലപ്പോഴും മോരു വെള്ളം കുടിക്കാൻ കൊടുക്കുന്ന തങ്കു സ്ഥിരമായി സുലൈമാന്റെ മനസിൽ താമസമാകാൻ തുടങ്ങി. മറ്റൊരെ ക്കുറിച്ചൊക്കെ എന്തൊക്കെ ചിന്തിച്ചാലും ഒടുവിൽ തങ്കു കയറിവരും. അതിനിടയിൽ അവളൊരു ഉമ്മാപ്പെണ്ണായിരുന്നെങ്കിൽ എന്നവനാശിക്കാൻ തുടങ്ങി, എങ്കിൽ, തലയിൽ തട്ടമിട്ട്, ....കാതിൽ ഞാത്തു കിലുക്കി, അവൾക്കെന്തു ഭംഗിയായിരിക്കും. അങ്ങനെ അവളെ അവൻ മനസിൽ തട്ടമിടീച്ച് ഉമ്മാപ്പെണ്ണാക്കി.  പിന്നെയോർത്തു, അല്ലെങ്കിൽ അവളെന്തിനാ അങ്ങനാകുന്നത്, തട്ടമിട്ടാൽ പിന്നെ അവളുടെ നീണ്ട സുന്ദരമായ തലമുടി എങ്ങനെ കാണും, തലമുടി മറക്കാതെ, പൊട്ടു കുത്തി, വളയിട്ട്, പാവാ‍ടയും ഡാവണിയും ഉടുത്ത് അവൾക്കു ഉമ്മപ്പെണ്ണായികൂടേ? അതു സംശയമായി അവന്.

ഒരു ദിവസം അവൻ അവന്റെ ഉമ്മയോടതു ചോദിച്ചു, ‘ എന്തിനാ പല ആളൂകളൂ പലതരത്തിലുള്ള വേഷങ്ങൾ ഇടുന്നതെന്ന്’
‘ എന്റെ സുലൈയീ,  ഇതെന്തൊരു ചോദ്യം, വല്ല ചക്കവക്കുന്നതോ ആടിനെ കറിവെക്കുന്നതോ ഒക്കെ ചൊദിക്ക്, ഞാൻ പറയാം’

അങ്ങനെ പറഞ്ഞെങ്കിലും മറിയുമ്മയും അതു തന്നെ സ്വായം ചോദിച്ചു, ‘എ ന്താ അതങ്ങനെ?  ഇതു വരെ മനസിൽ തോന്നാത്ത ഒരു ശോദ്യം.  പക്ഷെ ആരോടു ചോദിക്കാൻ, ബെലിയ ബെലിയ കാര്യങ്ങൾ പറയുന്ന മുല്ലാക്കയോടു ചൊദിക്കാനോ?  എങ്ങനെ ചോദിക്കാനാ, അവരൊക്കെ ആണൂങ്ങളല്ലെ, അവരോടു ചോദിക്കാൻ പറ്റുവോ ഇല്ല, പക്ഷെ മറിയുമ്മക്കും അന്നു മുതൽ സംശയമായി, എന്തിനാ വെറെ ആളുകൾ വേറെ വേഷം ധരിക്കുന്നത്? മനുഷേനേ, മനുഷേനേം വേർതിർക്കാൻ അല്ലാതെന്തിനാ, ഒടുവിൽ അവർത്തരം സ്വയം കണ്ടുപിടിച്ചു.

ഒടുവിൽ അവന്റെ മനസിൽ രാപകൽ തങ്കുമ്മ നിറഞ്ഞു നിന്നു.  മൻസിലവളെ തട്ടമിടീച്ചു, കുപ്പായമിടീച്ചു, ഡാവണിയിടീച്ചു, പൊട്ടു കുത്തിച്ചു, അവളുടെ വേഷങ്ങൾ അവനെ ഭ്രാന്തു പിടിപ്പിച്ചു.
മറിയുമ്മ അവനെ ശ്രദ്ദിക്കുന്നുണ്ടായിരുന്നു, എപ്പഴും ചീന്തിച്ചു മൂകനായി ഏകനായി, ഉപ്പാന്റെ രേഷൻ കടയിൽ നിന്നു വന്നാൽ, ഒറ്റക്കിരിക്കുന്ന അവന്റെ മനസിൽ എന്തോ മലക്കുകൾ കയറികൂടി എന്നവർക്കു തോന്നി.

തന്റെ ഇളയ ആങ്ങള മമ്മതിന്റെ മോൾ അയിഷേക്കുറിച്ചവർ ഓർത്തു; നല്ല മൊഞ്ചൊള്ള അയിഷ, അയിഷയെക്കുറിച്ചു പറഞ്ഞപ്പോൾ അവൻ മുഖം തിരിച്ചു.

നെന്റെ മനസിലു പിന്നെന്താടാ സുലൈമാനേ എന്നു ചോദിക്കേണ്ട താമസം, സുലൈമാൻ തങ്കമ്മയേക്കുറിച്ചു പറഞ്ഞു,

അതാനായരു വീട്ടിലെ അല്ലേ?
‘അതെ’
‘സുലൈമാനേ നീ അവളെ മറന്നേക്ക്, നായന്മാരു നിന്നെ ബെച്ചേക്കുല്ലാ..’

അന്ന്, സുലൈമാൻ തങ്കുമ്മയെ കാണാനായി പറമ്പിൽ പോയി.  ആദ്യം അവളെ കണ്ടില്ല. അവിടെ അങ്ങൊട്ടുമിങ്ങോട്ടുമൊക്കെ നടന്ന്, സ്വര്യം കിട്ടാത്ത മനസുമായി അവൻ വീണ്ടും ചെന്നപ്പോൾ  അവൾ അടുക്കള വാതിൽക്കൽ തന്നെ കാത്തുനിന്നതു പോലെ നിൽക്കുന്നുണ്ടായിരുന്നു. അവൻ ചൊദിക്കതെ തന്നെ അവൾ മോരു വെള്ളവുമായി വന്നു.

മോരു പാത്രം വാങ്ങി താഴ്ത്തു വച്ച്, സുലൈമാൻ ചോദിച്ചു,‘തങ്കുമ്മ എനിക്കെന്തിനാ എന്നുമീ മൊരും വെള്ളം തരുന്നേ’
‘അതു കൊള്ളാം മോരുവെള്ളം വേണന്ന് എന്നും ചോദിച്ചിട്ടല്ലേ തരുന്നത്?
‘ഞാൻ എന്തെങ്കിലും കുടിക്കാൻ വേണമെന്നല്ലേ ചോദിച്ചുള്ളൂ’
‘അതെ...ഇവിടെ ഉള്ളതു മൊരു വെള്ളമാണ് അതുകൊണ്ട്...“  അമ്മേട കോവാലൻ ചേട്ടനെ പറ്റിക്കുന്ന കാര്യമൊന്നും പറയണമെന്നവൾക്കു തോന്നിയില്ല.
‘അതെ അതെ നല്ല മോരു വെള്ളമാണ്....ആരാണിതുണ്ടാക്കിയത്?’
‘അമ്മ’
‘അമ്മ അകത്തു പാചകമായിരിക്കും’
‘അല്ല, അങ്ങെവീട്ടിലെ ഗോവാലനെന്ന എംബോക്കീമായി കിന്നരിക്കയാണ്’ എന്നവളുടെ നാവിന്റെ  അറ്റത്തു വരെ വന്നതാണ്.

അവളോടെന്തെങ്കിലുമൊക്കെ പറഞ്ഞ്, അടുത്തു നിൽക്കുന്നതിനുവേണ്ടിയായിരുന്നു സുലൈമാൻ അങ്ങനെയൊക്കെ ചോദിച്ചത്.

അന്നയാൾ വെള്ളം കുടിച്ചു തിരിച്ചു പോയപ്പോൾ പറമ്പിന്റെ കോണീൽ മറഞ്ഞു നിന്ന് തന്നെ വീണ്ടും നോക്കുന്നത്, തങ്കമ്മ കണ്ടു.  അവളുടെ മനസിൽ അതൊരാകാംക്ഷയായി; എന്തിനാണയാ‍ൾ തന്നെ നോക്കി നിന്നത്, എന്തിനാണയാൾ പലതൊക്കെ  ചോദിച്ചത്.  ഉത്തരം കിട്ടാത്ത ചോദ്യം വീണ്ടും വീണ്ടും ചോദിക്കുന്ന  കുട്ടിയെ പോലെ അവളുടെ മനസ്  അസ്വസ്ഥമായി.  അന്നു രാത്രി ഉറങ്ങാൻ കിടന്നപ്പോൾ സുലൈമാൻ വീണ്ടും അവളൂടെ മൻസിലേക്ക് കടന്നു വന്നു. ഇത്തവണ, പക്ഷെ അവൾക്ക് അയാളെ , കറമ്പനെന്നു വിളിക്കാൻ തോന്നിയില്ല, അയാൾക്ക്, നല്ല ചിരിയും വർത്തമാനവുമൊക്കെയാണല്ലോ എന്നു തോന്നി. വെറുതെ അയാളെക്കുറിച്ചു ചിന്തിച്ചു കിടക്കുന്നതൊരു രസമായി അന്നു മുതൾ അവൾക്ക്.

രാണ്ടാഴ്ച കഴിഞ്ഞപ്പോൾ കോങ്കണ്ണൻ പിശാച് ഒരിക്കൽ കൂടീ കൊവാലേട്ടന്റെ കൂടെ വന്നു, അന്നും അവൾ അമ്മയൊട് പഴയ പല്ലവി ആവർത്തിച്ചു.  പിശാചിനെ പാർവതീ ദേവി കെട്ടിക്കൊള്ളാനും കോവാലനെ ക്കുറിച്ച് അച്ചൻ വരുമ്പോൾ പറഞ്ഞുകൊടുക്കുമെന്നും.

അന്ന് പാർവതീ ദേവി പതിവിലും കൂടുതലായി കുശുകുശുക്കുന്നതവൾ കണ്ടൂ. ഇടക്കിടെ അവട പേരും അതിനിടയിൽ അവൾ കേട്ടു.

മൂന്നാം പക്കം പാർവതി ദേവിയും, ഗോവാലൻ ചേട്ടനും കൂടി ഒരുടത്തു പോകാനുണ്ടെന്നു പറഞ്ഞു, യാത്രയായി. അന്നു തിരിച്ചു വരാൻ കഴിയാത്തതിനാൽ  വൈകിട്ട്, തങ്കുവിനു ഉറങ്ങാൻ അടുത്ത വീട്ടിലെ പങ്കജാക്ഷിചേച്ചീട വീടിൽ ഇടപാടു ചെയ്തിട്ടാണ് അവർ പോയത്. മൂന്നു നാഴിക തെക്കുള്ള കേൾവി  കേട്ട ചാത്തൻ മനക്കലേക്കാണ് പാർവതി കോവാലനേയും കൂട്ടി പോയത്.
മനക്കലെ വാമദേവൻ നമ്പൂതിരി പാർവതിയെ തിരിച്ചറിഞ്ഞു, ‘കുഞ്ഞിപ്പെണ്ണിന്റെ മോളാണല്ലേ?’

വാമദേവൻ, കവടി നിരത്തി, അച്ചട്ടായി പറഞ്ഞു,‘ ഒരു സ്ത്രീ നിമിത്തം മന;സുഖം നഷ്ടായിരിക്കുണൂ’

‘പ്രതിവിധി?’
‘പലതുമുണ്ട്’
‘അറ്റകൈ’
‘ആവാം’
ഒരു ദിവസം മനക്കലെ ആശ്രമത്തിൽ അന്തിയുറങ്ങി, പിറ്റേന്ന്,
കടലാസിൽ പൊതിഞ്ഞ ചൂർണം,   മനക്കലെ ഇഷ്ടദേവതക്കു പൂജകഴിച്ച പുഷപങ്ങളോടൊപ്പം വാഴയിലയിൽ ഉരിയാടാതെ നമ്പൂതിരി താലത്തിൽ വച്ചു. ദക്ഷിണകൊടുത്ത് അതു വാങ്ങി, ആത്മ സമർപ്പണത്തോടെ പാർവതി മടക്കയാത്രയായി.

വീട്ടിലെത്താൻ അര നാഴികവരുന്ന ചന്തേലെ പള്ളിക്കുടത്തിനടുത്തു വച്ചാണ് , പാർവതീട വകേലൊരു കാർത്ത്യാനിക്കൊച്ചമ്മ വിവരം പറഞ്ഞത്,‘തങ്കൂനെ കാണാനില്ലെന്ന്’
‘ഓ അതവളൂ പങ്കൂന്റെ വീട്ടിലാ ഇന്നലെ കിടക്കാൻ പോയത്’
‘പങ്കൂന്റെ വീട്ടിൽ ചെന്നിട്ടില്ല അവൾ’
‘ചെന്നിട്ടെല്ലെ?’
‘പങ്കു ഇന്നലെ അവക്കു ചോറും വച്ചു കാത്തിരുന്നു. കാണാതായപ്പോൾ ചെന്നു നോക്കി. അവളെ കാണാനില്ല.
‘അവളവിവിടേലും കാണും കൊച്ചമ്മേ’

‘ഇല്ല ഒരു കൂട്ടം കേക്കേം ചെയ്യുന്നു’
‘എന്താ..?’
‘അവളു രാക്കു രാമാനം, അലിയാരട മോന്റെ കൂടെ ഒളിച്ചോടീന്നു’
പാർവതിക്കു കരയണോ ചിരിക്കണോ എന്നറിഞ്ഞുകൂടാതായി.  കൈയ്യിലിരുന്ന ചൂർണത്തിൽ അവരുടെ പിടിയൊന്നമർന്നു.

കോവാലേട്ടൻ ഞാനിടെങ്ങുമില്ലേ എന്നമട്ടിൽ തെക്കോട്ടു നടന്നൊരിട വഴിയെ തിരിഞ്ഞു പോയി.
പാർവതീ ദേവീ, ‘എന്റെ കൊച്ചാട്ടോ’ എന്നു വിളിച്ച് നെഞ്ചത്തടിച്ചു കരഞ്ഞു കൊണ്ട് അവിടുന്നൊരോട്ടമൊടി. ചെന്നു നിന്നത് തറവാട്ടിലായിരുന്നു.  അവിടെ അപ്പോഴേക്ക്. ...കൊച്ചാട്ടൻ മൂർച്ഛിച്ച് പുറകോട്ടു മലർന്നിരുന്നു.
****

 സുലൈമാനും തങ്കുമ്മയും നാലു മക്കളും കൂടി തിരിച്ചു വന്നത് ഒരു പൊന്നോണക്കാലത്തായിരുന്നു, ഒരു വണ്ടി നിറയെ സാധനങ്ങളുമായിട്ടാണ് വന്നത്, വണ്ടി സുലൈമാന്റെ സ്വന്തമായിരുന്നു; നാട്ടിൽ സ്ഥിരമായി താമസിക്കാനായിരുന്നു ഉദ്ദേശം.  ഹസൻ റാവുത്തരുടെ വീട്ടിന്റെ എതിർവശത്തെ ബോംബെക്കാരൻ ജോണിസാറിന്റെ കൊട്ടാരം പോലത്ത വീട് വാടക്കക്കെടുത്താണ്,  താമസം തുടങ്ങിയത്.  ഒരങ്കത്തിനു സമയമായല്ലോ എന്ന് ചിലരൊക്കെ മോഹിച്ചു, ചിലരൊക്കെ ഭയന്നു.
ഒരു നായരിസ്ലാം പടവെട്ട് നീശ്ചയമായും ഉറപ്പായി. നായന്മാര് അടുത്ത ജില്ലയിൽ കത്തി നിർമ്മാണം നടത്തുന്നതായി വാർത്ത പരന്നു; ഇസ്ലാമികൾ മലപ്പുറത്തു നിന്ന് മലപ്പുറം കത്തികൾ രായ്ക്കു രാമാനം കടത്തിക്കൊണ്ടു വരുന്നതായും.

വന്ന് രണ്ടു ദിവസം കഴിഞ്ഞ്, സുലൈമാൻ ഒറ്റക്ക്, ഞങ്ങട സിറ്റീ എന്നു വിളിക്കുന്ന കവലയിൽ വന്നു.  കവലയുടെ തലച്ചോറായ രാമകൃഷ്ണന്റെ ചായ ക്കടയിലപ്പോൾ രാവിലത്തെ തിരക്കായിരുന്നു.  ചായക്കടയുടെ പൂമുഖത്ത്, കെട്ടിത്തൂക്കിയിട്ടിരുന്ന അജാനബാഹുക്കളായ പഴക്കുലകൾക്കു  താഴെ, കാലപ്പഴക്കം കൊണ്ടു കാലാടിത്തുടങ്ങിയ ബഞ്ചിൽ കമഴ്ന്നു കിടന്ന്, മനോരമ പത്രത്തിലെ  വാർത്തകൾ വായിക്കയായിരുന്നു, രാഘവൻ നായർ.  രാഘവൻ നായരെ കടന്ന്, ചായക്കടയിൽ കയറി, സുലൈമാൻ രാമകൃഷ്ണനോടു ഒരു ചായക്ക് ഒർഡർ കൊടുത്തു.

‘മൊതലാളീ ഒരു ചായ’

രാമകൃഷ്ണൻ, രാഘവൻ നായരെ ഒന്നു നോക്കി. നാട്ടിലെ ചട്ടമ്പിയണ് രാഘവൻ, ക്രമസമാധാനപരിപാലനം സ്വയമേറ്റെടുത്തു നാടിനെ സേവിക്കുന്നവൻ.  അയാളൂടെ കണ്ണിൽ നിന്നു ഒരു കൊല്ലിയാൻ മിന്നിയതിൽ രാമകൃഷ്ണനു ഷോക്കേറ്റു.
ആ ഷോക്കിൽ അയാൾ ഇതികർത്തവ്യധാമൂഠനായി നിന്നു; തലനാരിഴകൾ ആണികൾ പോലെ പൊങ്ങി തല ഒരു മുള്ളൻ പന്നി പോലെയായി.

‘വിത്തോ വിത്തൌട്ടോ’ അകത്തു നിന്നു രാമകൃഷ്ണന്റെ ഭാര്യ സൌദാമിനി ഇടപെട്ടു.

‘വിത്തൌട്ടിനൊന്നും പ്രായമായില്ലല്ലൊ ചേച്ചീ’ എന്നു സുലൈമാൻ പ്രതിവചിച്ചു.

സൌദാമിനിയുടെ ഇടപെടലിൽ രാഘവൻ താണു; പണ്ട് കടയിൽ മറ്റാരും ഇല്ലാത്ത അവസരത്തിൽ സൌദാമിനി മാത്രമുള്ള അടുക്കളയിൽ കയറി അവളെ ഒന്നു കെട്ടിപ്പിടിച്ചതിന്, ‘......മോനേ..’ എന്നുവിളിച്ച് അടുപ്പിൽ നിന്നു തീക്കൊള്ളിയ്യെടുത്ത് അവൾ എവിടെയാണ് കുത്തിയതെന്നിലത്തെ പോലെ രഘവൻ ഓർത്തു; കല്ലേറു കൊണ്ട്, പട്ടീ കില്ലോ... കില്ലോ... എന്നു കരയുന്നതുപോലെ കരഞ്ഞുകൊണ്ടായിരുന്നു അടുക്കളയുടെ പുറത്തു കൂടി അന്നു താൻ ഒന്തിച്ചാടി ഓടി രക്ഷപ്പെട്ടത്. ‘എന്നു തൊട്ട ഇവളുമാരൊക്കെ പതിവ്രതകൾ ആയത്’ എന്നു ചോദിച്ചുകൊണ്ടാണ്  ഓടിയത്, പക്ഷെ അതാരും കേട്ടില്ല.

ആ സൌദാമിനിയാണ്  രംഗത്ത്.

മനോരമ പത്രത്തിലേക്കു തന്നെ തലതാഴ്ത്തി രാഘവൻ ഗഹനമായി എന്തോ വായിക്കാൻ തുടങ്ങി.
 സുലൈമാൻ  ചായകുടിച്ച്, എതിരെയുള്ള വാസുവിന്റെ കടയിൽ നിന്ന് ഒരു വിത്സ് കത്തിച്ച് ആകാശത്തേക്ക് പുകവിട്ടു. അപ്പോൾ അരയിലെ ബെൽറ്റിൽ കഠാര തിളങ്ങിയത് പലരും കണ്ടു.

കാറ്റിൽ പുകവിട്ട്, വിത്സിന്റെ മണം പരത്തി, സുലൈമാൻ വന്നവഴിയെ തിരിച്ചു പോയി. അങ്ങനെ സുലൈമാനും തങ്കുമ്മയും വീണ്ടൂം ഞങ്ങട നാടിന്റെ ഭാഗമായി.  എന്നു തന്നെയുമല്ല,നാട്ടിൽ ചില പുരോഗമന ആശയങ്ങലൊക്കെ അവർ കാരണം പൊട്ടിമുളക്കാനും തുടങ്ങി.

‘.....സുലൈമാനൊരു ചുണക്കുട്ടിയാണ്,  ഇഷ്ടമുള്ള പെണ്ണിനെ കൂടെകൂട്ടിചിലവിനു കൊടൂക്കുന്നതിനെന്താ ഒരു കുറവ്,  കണ്ട ഇടവഴീലും കാട്ടിലും, തൊഴുത്തിലുമിട്ട്, പെണ്ണുങ്ങളെ കേറിപ്പിടിക്കുന്ന നാട്ടുപ്രമാണിമാരെക്കാൾ അവനെത്രെ ഭേദമാണ് ....’ഇങ്ങനൊക്കെയുള്ള വായ്ത്താരികൾ, ആദ്യം രഹസ്യമായും പിന്നെ പരസ്യമായും ആളുകൾ പ്രയോഗിക്കാൻ തുടങ്ങി. കേട്ടു കേട്ട് രാഘവൻ നായർക്കുമതു ശരിയാണെന്നു തോന്നി.  രാവിലെ തൊട്ടു വൈകുന്നേരം വരെ രാമകൃഷ്ണന്റെ ബഞ്ചിൽ കമഴ്ന്നു കിടക്കുന്നതെന്തിനാ, തൊട്ടപ്പുറത്തെ മുറുക്കാൻ കടക്കാരൻ രാമൂന്റെ ഭാര്യ കുഞ്ഞുലക്ഷിയെ കണ്ടോണ്ടിരിക്കാ‍നല്ലേ, ജാതിയില്ലാരുന്നെങ്കിൽ അവളെ തനിക്കു കെട്ടാമായിരുന്നു, ഹൊ, വെറ്റില മുറുക്കി ചുമപ്പിച്ച ചുണ്ടുള്ള, തടിച്ചു കൊഴുത്ത് അവയവ ഭംഗിയുള്ള അവട നെഞ്ചത്തു മുഖമമർത്തി രാവെളുക്കോളം ഇരുന്നാലും മതിവരില്ലായിരുന്നു. പകരം സ്വജാതിയിലെ,  ഒണക്കച്ചവമായ ഒരെണ്ണത്തിനെ കെട്ടേണ്ടി വന്നു.... ഇങ്ങനെയൊക്കെ രാഘവനും ചിന്തിക്കാൻ തുടങ്ങി.


തട്ടമിട്ട്, ജാക്കറ്റിട്ട്, കാതിൽ കുണുക്കിട്ട്, കണ്ണിലു സുറുമയിട്ട് നാലു മക്കളൂടെ അമ്മയായിട്ടും ചെറുപ്പം വിട്ടുമാറാത്ത  തങ്കുമ്മയും നാട്ടാരുടെ മനസിലെ പ്രത്യേകിച്ച് പെണ്ണുങ്ങളുടെ  കഥകളിലെ എനിഗ്മാ ആയി.  ‘നന്നായി, ആ ധൂമകേതു തള്ളേട അടുക്കൽ നിന്നിരുന്നെങ്കിൽ, ആ പിശാചിന്റെ കൂടെ അവൾക്കു ജീവിക്കേണ്ടി വന്നേനെ.  അവന്റെ ഒണക്ക സന്താനങ്ങളെ പെറ്റു പെറുക്കി ഫൂ, ..’ ചിലർക്കൊക്കെ  അതോർത്തു ശർദ്ദിലുവരെ വന്നു.

 ഒടുവിൽ സുലൈമാന്റെ വീട് നാനാജാതി മതസ്ഥർ വരുകയും പോകയും ചെയ്യുന്ന ഒരു സ്ഥലമായി.  ‘അവനക്കുബറല്ലേ, ടിപ്പുവല്ലേ, സുൽത്താനല്ലേ..’ എന്നൊക്കെയുള്ള ഉപമകളും ചിലരൊക്കെ പ്രയോഗിച്ചു.  

സുലൈമാനു നേട്ടമായിരുന്നു ജീവിതം, ജോണി സാറിന്റെ ബംഗ്ലാവിനേക്കാൽ വലിയ ഒരു ബംഗ്ഗ്ലാവു സ്വയം പണിയിച്ചു, പുരയിടങ്ങളും റബറു തോട്ടങ്ങളും വാങ്ങിച്ചു, കൂപ്പുലേലവും റോഡു കോണ്ട്രാക്റ്റു പണിയുമായിരുന്നു പ്രധാനം.  നെല്ലിയാം പതിയിലും പീരുമേട്ടിലും കൂപ്പു കച്ചവടത്തിനായി മാസങ്ങളോളം താമസിച്ചു.  അതിനീടയിൽ രണ്ടാമത്തെയും മൂന്നമത്തെയും ബീവിമാരെ കെട്ടി. എങ്കിലും തങ്കുമ്മയായിരുന്നു പട്ടമഹിഷി.

കടാറുമാസം നാടാരുമാസം അങ്ങനെയായിരുന്നു സുലൈമാന്റെ ജീവിതം. നാടാറുമാസത്തിൽ എന്നും വീട്ടിൽ ആഘോഷങ്ങളാണ്.  കുട്ടികളുടെ ജന്മദിനങ്ങൾ, പെരുനാള്, നൊയമ്പ്, വിരുന്ന് ആഘോഷത്തിനു കാരണങ്ങൾ നോക്കുകയായിരുന്നു സുലൈമാൻ, എന്നു നാട്ടുകാരൊക്കെ പറയുമായിരുന്നു.

മൂത്ത മകൻ, ബഷീറിന്റെ 20 അം പിറന്നാൾ ഭയങ്കര ആഘോഷമായിരുന്നു.  ഏഴാമത്തെയും എട്ടാമത്തെയും കുട്ടികളുടെ സുന്നത്തു കല്യാണവും ഒരുമിച്ചാഘോഷിച്ചു.  നാട്ടുകാരെ മുഴുവൻ ക്ഷണിച്ചിരുന്നു.  പകലത്തെ ആഘോഷം രാവേറെച്ചെന്നിട്ടാണവസാനിച്ചത്.  നെയ്ച്ചോറിന്റെയും ആട്ടിൻ കറിയുടെയും കൊതിപ്പിക്കുന്ന മണമായിരുന്നു ആ നാടു മുഴുവൻ ആദിവസം.

പിറ്റേന്ന് നാട്ടുകാർ കേട്ടത്, സുലൈമാന്റെ ശവം വീടിനടുത്തുള്ള തെങ്ങിൻ തോട്ടത്തിൽ കിടക്കുന്നു എന്നായിരുന്നു.  തങ്കുമ്മ വാവിട്ടലച്ചു നിലത്തു വീണൂ എന്നു നാട്ടാരു പറഞ്ഞു, പക്ഷെ അവൾ വീടുവിട്ടിറങ്ങിയില്ല, ജീവന്റെ ജീവനായ സുലൈമാന്റെ ജീവൻ വിട്ടകന്ന ശരീരം ഒന്നു കാണാനും കൂടി അവൾക്കു കഴിഞ്ഞില്ല.  പോലീസ് വന്ന് മയ്യത്തെടുത്തു പോസ്റ്റുമാർട്ടം നടത്തി. കെസെടുത്തു. നാലാം മാസം തന്റെ സന്തത സഹചാരിയും ഉറ്റമസുഹൃത്തുമായിരുന്ന മേലേൽ കുഞനന്തൻ നായരെ സുലൈമാന്റെ കൊലക്കുറ്റം ആരോപിച്ചു പോലീസ് അറസ്റ്റുചെയ്തു.

സുലൈമാന്റെ കൊലക്കു കാരണം, ജാതി-മത വൈര്യമായിരുന്നുവോ അതൊ മറ്റെന്തെങ്കിലുമായിരുന്നോ? ആദ്യത്തെ കാരണം നാട്ടുകാർ ഒന്നടങ്കം തള്ളിക്കളഞ്ഞു.   കൊലക്കു കാരണം വ്യക്തിപരമായിരുന്നു എന്ന് കൊലയാളി മൊഴികൊടുക്കയും ചെയ്തു.

Comments

  1. കഥ നീണ്ടു പോയി.,പക്ഷെ രസകരം ആയിരുന്നു,അവസാനം കുറച്ചു വേഗത കൂടിയോ എന്നൊരു സംശയം.. നല്ല പ്രമേയമാണ്..ഒരു നോവല്‍ ആക്കി മാറ്റാം.

    ആശംസകള്‍

    ReplyDelete
    Replies
    1. ആത്മാർഥമായ കമന്റിനു നന്ദി. എഴുത്ത് വായനക്കാരനു വേണ്ടിയാണ്. അപ്പോൾ സാജൻ പറഞ്ഞതൊക്കെ ശ്രദ്ധയൊടെ കൈപ്പറ്റുന്നു. ശരിയാണ് അതൊരു നീണ്ട് കഥയാക്കി നോവലാക്കാനുള്ള സ്കോപ്പു ഉണ്ട്. നോക്കട്ടെ.

      Delete
  2. This comment has been removed by the author.

    ReplyDelete

Post a Comment