പ്രേമത്തെക്കുറിച്ചു തന്നെയാണ് ഈ കഥയും. എന്റെ നാട്ടിലെ ഒരു പ്രേമ കഥ, ഒരു പക്ഷെ ഞാനറിഞ്ഞ ആദ്യത്തെ പ്രേമകഥ. നടന്നത് ഏതാണ്ട് ഒരു ഏഴെട്ടു ദശകങ്ങൽക്കപ്പുറമാണ്. പ്രേമത്തിനും വിവാഹത്തിനും ജനനത്തിനുമെല്ലാം, അങ്ങനങ്ങു സ്വതന്ത്രമാകാൻ കഴിയില്ല, പിന്നെ ഞങ്ങളൊക്കെയെന്തിനാ ഇവിടെ കാർന്നോന്മാരും കർന്നോത്തികളൂം ആയിരിക്കുന്നത് എന്നു ശഠിച്ചിരുന്ന ഒരു നാടാണ് ഞങ്ങളുടേത്. തറവാട്ടിൽ പിറന്ന പെൺപിള്ളാരാരും പ്രേമിക്കാൻ പോകില്ല എന്നതായിരുന്നു അവരുടെയൊക്കെ മുദ്രാവാക്യം. പിന്നെ വല്ല സ്റ്റാറ്റസ് കുറഞ്ഞ പതിതനോ തല്ലുകൊള്ളികളോ പ്രേമിച്ചേക്കാം, അല്ലെങ്കിൽ അവറ്റകൾകൊക്കെ എന്തോന്നു നാണോം മാനോം.